കണ്ണൂര്‍: ആകെ സമ്പാദ്യമുണ്ടായിരുന്ന രണ്ട് ലക്ഷംരൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഭിന്ന ശേഷിക്കാരനായ ബീഡി തൊഴിലാളിയെ കണ്ടെത്തി. കണ്ണൂർ സ്വദേശി ജനാർദ്ധനൻ ആണ് പേര് പോലും പുറത്ത് അറിയിക്കാതെ വാക്സിൻ ചലഞ്ചിനായി പണം നൽകിയത്. വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ധനൻ പറയുന്നു.
ജനാർദ്ധനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.
കയ്യിലുള്ളതെല്ലാം നുളളിപ്പെറുക്കി നൽകിയാൽ ഇനിയെങ്ങനെ ജീവിക്കുമെന്ന സംശയം ചോദിച്ചു. അധ്വാനിച്ച് ജീവിക്കുന്ന ജനകോടികളുടെ മനോബലമാണ് ആ മുഖത്ത് കണ്ടത്. ഭാര്യ കഴിഞ്ഞ കൊല്ലം മരിച്ചതാണ് ജനാർദ്ധനനെ ഉലച്ചുകളഞ്ഞത്. കൊച്ചുമകൻ അഭിനവിന്റെ കൈയും പിടിച്ച് അയാൾ ജീവിതത്തിന്റെ തത്വം പറയുന്നു. ആറടി മണ്ണല്ലാതെ മനുഷ്യന് സ്വന്തമെന്ന് അഹങ്കരിക്കാൻ എന്താണുള്ളത്.