ISRO യുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ വിജയകരമായി വിക്ഷേപിച്ചു, 16 ഉപഗ്രഹങ്ങൾ വേർപെട്ടു
ശ്രീഹരിക്കോട്ട: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐ.എസ്.ആര്‍.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3) ബഹിരാകാശത്തേക്ക് കുതിച്ചു. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ ഏറ്റവുംകരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍.വി.എം.-3 വണ്‍വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാംവരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒക്ടോബര്‍ 23-നുനടന്ന ആദ്യവിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ. വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബിന്റേത്. ഇതിനുമുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയര്‍ന്നു. ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്നും ഈവര്‍ഷംതന്നെ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും വണ്‍ വെബ് അധികൃതര്‍ അറിയിച്ചു.
ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റഷ്യയുടെ റോസ്‌കോസ്‌മോസുമായായിട്ടാണ് വണ്‍വെബിന്റെ ആദ്യ കരാര്‍. യുക്രൈന്‍യുദ്ധത്തോടെ മറ്റ് യൂറോപ്യന്‍രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് വണ്‍ വെബ് ബദല്‍സാധ്യതകള്‍ ആരാഞ്ഞത്. ഇതനുസരിച്ച് രണ്ടുഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് നല്‍കുകയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പെയ്സ് ഇന്ത്യ ലിമിറ്റഡാണ് വണ്‍ വെബുമായി കരാറുണ്ടാക്കിയിരിക്കുന്നത്.