ഇസ്ലാമിക രാജ്യങ്ങളുടെ ‘അസാധാരണ’ നീക്കം,അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു
ജിദ്ദ: ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ ‘അസാധാരണ അടിയന്തര യോഗം’ വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക് ഓർഗനൈസഷൻ (ഒഐസി) അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ മന്ത്രിതലത്തിൽ അടിയന്തര യോഗം ചേരുന്നത്.
യു.എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രായേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു.
യുദ്ധക്കെടുതികളിൽപ്പെട്ട് ഉഴലുന്ന പലസ്തീനികൾ അഭയതീരം തേടി ഗാസയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജനങ്ങൾ കൂട്ടപ്പലായനം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഇസ്രയേൽ കരസേന ഗാസയിലിറങ്ങി തിരച്ചിലാരംഭിച്ചിരുന്നു.
ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗാസ നിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗാസസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം.
സ്കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്ന് നിർദേശമുണ്ട്. ജനങ്ങൾക്ക് അപകടകരമല്ലാത്ത രീതിയിലാണ് ഹമാസിനെതിരേയുള്ള നീക്കം ആവിഷ്കരിക്കുന്നതെന്ന് ഇസ്രയേലി സൈനികവക്താവ് ജൊനാഥൻ കോർണിക്കസ് അവകാശപ്പെട്ടു.