KeralaNews

ശബ്ദം ദിലീപിന്റേത് തന്നെ, റാഫി തിരിച്ചറിഞ്ഞു; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേത് തന്നെയെന്ന് സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞു. ഇന്നലെയാണ് അന്വേഷണസംഘം റാഫിയെ ചോദ്യം ചെയ്യല്‍ നടക്കുന്ന കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്.

എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാന്‍ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തും.പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ തുടര്‍ച്ചയായ മൂന്നാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നു രാത്രി എട്ടുമണി വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.

അതിനുശേഷം മൊഴികള്‍ ഒത്തുനോക്കി റിപ്പോര്‍ട്ട് തയ്യാറാക്കും. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button