FeaturedHome-bannerNationalNews

ഒഡീഷ ട്രെയിന്‍ ദുരന്തം:ഇന്റർലോക്കിങ് സംവിധാനത്തിൽ ബാഹ്യഇടപെടലുണ്ടായി; ബോധപൂർവമെന്ന് റെയിൽവെ ഉദ്യോഗസ്ഥൻ

ഭുവനേശ്വർ: ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ ബോധപൂർവ്വമുള്ള ഇടപെടലാണ് ഒഡിഷ തീവണ്ടിയപകടത്തിന് കാരണമെന്ന് പേരുവെളിപ്പെടുത്താത്ത മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ. സി.ബി.ഐ. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്നും ആരാണ് ഇതിന് ഉത്തരവാദി എന്ന് കണ്ടെത്താൻ സാധിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിന്റെ മറ്റുവിവരങ്ങൾ കണ്ടെത്തുന്നതോടൊപ്പം തന്നെ, കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റിയത് അശ്രദ്ധമൂലമാണോ അതോ പിന്നിൽ അട്ടിമറി ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്നവിവരം. പ്രാഥമികാന്വേഷണത്തിൽ, ബഹാനഗ ബസാർ സ്റ്റേഷനിലെ ഇന്റർലോക്കിങ് സിസ്റ്റത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഇടപെടലിന് കാരണം എന്താണ് എന്ന് സി.ബി.ഐ. അന്വേഷണത്തിലൂടെ വ്യക്തമാകാൻ സാധിക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സി.ബി.ഐ. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഒഡിഷയിലെ തീവണ്ടിയപകടത്തിന് പിന്നിൽ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റം മൂലമെന്ന് നേരത്തെ തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ബാലാസോറില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button