
ന്യൂഡല്‍ഹി: ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന യുട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മാതാപിതാക്കളെ അപമാനിച്ചെന്നും രണ്‍വീറിന്റെ മനസിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും കോടതി പറഞ്ഞു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്ന് പറഞ്ഞ കോടതി എന്തുതരം പരാമര്‍ശമാണ് നടത്തിയത് എന്നതിനെ കുറിച്ച് ബോധ്യമുണ്ടോ എന്നും ചോദിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി ഫയല്‍ ചെയ്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണത്തിന് കൃത്യമായി ഹാജരാകണം. കൂടുതല്‍ പരാമര്‍ശങ്ങളൊന്നും നടത്തരുത്. സമൂഹത്തെ നിസാരമായി കാണരുത്. സമൂഹം മുഴുവനും നാണക്കേട് അനുഭവിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവിധ ഇടങ്ങളിലായി ഫയല്‍ ചെയ്ത കേസുകളിലെ അറസ്റ്റും പരാമര്‍ശങ്ങളുടെ പേരില്‍ കൂടുതല്‍ കേസുകള്‍ എടുക്കുന്നതും സുപ്രീം കോടതി തടഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍വീര്‍ കോടതിയെ അറിയിച്ചു. അതില്‍ പരാതി നല്‍കൂവെന്നും കോടതി പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.