മലപ്പുറം: ചോക്കാട് വാളക്കുളത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. വല്ലാഞ്ചിറ ഉമൈർ (22) നെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. ജൂൺ 27-നാണ് ഉമൈർ ഉൾപ്പെട്ട സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നാട്ടുകാരുമുണ്ടായ ഏറ്റുമുട്ടലിൽ അക്രമിസംഘത്തിലെ നാല് പേർക്കും പരിക്കുപറ്റി. കൂട്ടത്തിൽ നിസ്സാര പരിക്കേറ്റ ഉമൈർ 28-ന് വീണ്ടും പന്നിക്കോട്ടുമുണ്ടയിൽ എത്തി നാട്ടുകാർക്കെതിരെ തിരിഞ്ഞു.
മാരാകായുധങ്ങളുമായെത്തിയ ഉമൈർ, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാർ സംഘടിച്ചാണ് ഉമൈറിനെ കീഴ്പ്പെടുത്തിയത്. പന്നിക്കോട്ടുമുണ്ടയിലെ പുലത്ത് നജ്‌മൽ ബാബുവിൻറെ പരാതിയിലാണ് ഉമൈറിന്റെ അറസ്റ്റ്. നജ്മലിനെ ഇരുമ്പുവടികൊണ്ട് അക്രമിച്ചുവെന്നാണ് പരാതി. തലയ്ക്ക് അടിയേൽക്കാത്തതിനാൽ താൻ രക്ഷപ്പെട്ടെന്നാണ് നജ്മൽ പറയുന്നത്. വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമൈറിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കാളികാവ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇയാൾ.
ഉമൈറിൻ്റെ കൂടെ നാട്ടുകാരുമായി സംഘട്ടനത്തിൽ ഏർപ്പെട്ട് ഗുരുതരമായി പരിക്കുപറ്റിയ പൂക്കോട്ടുംപാടം തട്ടിയേക്കൽ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവൻ ഫായിസ്, മുതുകുളവൻ ജിഷാൻ എന്നിവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ അക്രമിച്ചതിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേർക്കെതിരേയും കേസെടുക്കും.
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട വിവരം പോലീസിനെ അറിയിച്ചതിന് ചോക്കാട് സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബിനെതിരെ നാലംഗ സംഘത്തിൻ്റെ വധഭീഷണിയുണ്ട്. സംഘത്തിനെതിരെ മുജീബ് കാളികാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്.ഐ. സുബ്രഹ്മണ്യൻ, പോലീസുകാരായ ജിതിൻ, സുജേഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഉമൈറിനെ അറസ്റ്റുചെയ്തത്.