
മസ്‌ക്കറ്റ്: ഒമാനില്‍ നാലുപേര്‍ മരിച്ച വാഹനാപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം കഠിനതടവ്. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. ഒമാനിലെ ലിവയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് നാലു പേരുടെ ജീവനെടുത്ത അപകടം ഉണ്ടായത്. ദുരന്തത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.. ഡ്രൈവറായിരുന്ന മുഹമ്മദ് ഫറാസ് അമിതവേഗത്തില്‍, എതിര്‍ ദിശയില്‍ ട്രക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തുടര്‍ന്നാണ് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതി വിധി പുറപ്പെടുവിച്ചത്. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ചതായും എതിര്‍ദിശയില്‍ വാഹനം ഓടിച്ച് മനഃപൂര്‍വ്വം അപകടമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി.
ആദ്യ കുറ്റത്തിന് രണ്ട് വര്‍ഷവും രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസത്തെ തടവും ആണ് കോടതി വിധിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും അറബിയിലും ഹിന്ദിയിലും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം ഒമാനില്‍നിന്ന് സ്ഥിരമായി നാടുകടത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിയമപരമായ ചെലവുകള്‍ പ്രതിയില്‍നിന്ന് ഈടാക്കും.