31.1 C
Kottayam
Tuesday, May 7, 2024

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍; ദര്‍ശനത്തിനായി എത്തുന്ന വീഡിയോ കാണാം

Must read

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്. നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ഏകദിനത്തിന് പ്രധാന്യമൊന്നും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ല. നാളെ പ്രമുഖതാരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെ ചില താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായി എത്തി. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. താരങ്ങള്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. വീഡിയോ കാണാം… 

കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീം ടി20 പരമ്പരയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോഴായിരുന്നു അത്. അദ്ദേത്തോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറുമുണ്ടായിരുന്നു. പിന്നീട് ഇരുവരും ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. 

ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനും മധ്യനിര താരം സൂര്യകുമാര്‍ യാദവും നാളെ  പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ വന്നാല്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാകും വിശ്രമിക്കുക. ആദ്യ ഏകദിനത്തില്‍ 70 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം ഏകദിനത്തില്‍ 21 റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ ഇതല്ല ഗില്ലിന്റെ സ്ഥാനം നഷ്ടമാക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയിട്ടും ലങ്കയ്ക്ക് എതിരെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്ന ഇഷാന്‍ കിഷന് അവസരം നല്‍കുകയാണ് ടീം ലക്ഷ്യമിടുക. 

ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും ഇഷാനെ കളിപ്പിക്കാതിരുന്നതില്‍ വിമര്‍ശനം ശക്തമായിരുന്നു. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരകള്‍ വരാനുള്ളതിനാല്‍ ഗില്ലിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതും ടീമിന് പ്രധാനമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week