ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ബംഗ്ലാദേശ്. നാലാം ദിനം തോല്‍വി സമ്മതിക്കാതെ പിടിച്ച് നിന്ന ബംഗ്ലാദേശിനെ ഇന്ത്യ ബൗളിംഗ് കരുത്ത് ഇന്ന് അധികം സമയം നീട്ടി നല്‍കിയില്ല. രണ്ടാം ഇന്നിംഗ്സില്‍ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിരുന്ന ബംഗ്ലാദേശിന്‍റെ പോരാട്ടം 324 റണ്‍സില്‍ അവസാനിച്ചു. 188 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ സാക്കിര്‍ ഹസന്‍റെ സെഞ്ചുറി കരുത്തിലാണ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ല കടുവകള്‍ പോരാടിയത്.
സ്കോര്‍
ഇന്ത്യ 404 & 258/2 ഡിക്ലയേര്‍ഡ്
ബംഗ്ലാദേശ് 150 & 324
നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. 40 റണ്‍സുമായി ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ഒമ്പത് റണ്ണുമായി മെഹ്ദി ഹസനുമായിരുന്നു ക്രീസില്‍. എന്നാല്‍ അവസാന ദിനം തുടങ്ങി അധികം വൈകിക്കാതെ മെഹ്ദി ഹസന്‍റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ അതിവേഗം ജയിച്ച് കയറാനുള്ള തീരുമാനത്തിലാണെന്ന് വ്യക്തമാക്കി. നായകന്‍ ഷാക്കിബിന്‍റെ ഊഴമായിരുന്നു അടുത്തത്. ഇന്ത്യന്‍ ബൗളിംഗിനെതിരെ സെഞ്ചുറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച ശേഷം ഷാക്കിബ് കുല്‍ദീപ് യാദവിന് മുന്നില്‍ വീണു.
84 റണ്‍സാണ് ബംഗ്ല നായകന്‍ അടിച്ചെടുത്തത്. പിന്നെയെല്ലാം ചടങ്ങ് തീര്‍ക്കലായപ്പോള്‍ ഏറെ വിയര്‍ക്കാതെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം കുറിച്ചു. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍ നാല് വിക്കറ്റുകളും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. സിറാജ്, ഉമേഷ് യാദവ്, അശ്വിന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുകള്‍ കിട്ടിയതോടെ എറിഞ്ഞ ആര്‍ക്കും വെറുതെ തിരിച്ച് കയറേണ്ടി വന്നില്ല. നേരത്തെ, നാലാം ദിനത്തില്‍ ഓപ്പണര്‍മാര്‍ നല്‍കിയ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് ബംഗ്ലാദേശ്തിരിച്ചടിച്ചത്.
ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയും സാക്കിര്‍ ഹസനും ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ സെഷനില്‍ ഇരുവരെയും പുറത്താക്കാനാവാതെ ബൗളര്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 67 റണ്‍സെടുത്ത ഷാന്‍റോയെ ഉമേഷ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. സ്ലപ്പില്‍ കോലി കൈവിട്ട ക്യാച്ച് റിഷഭ് പറന്നു പിടിക്കുകയായിരുന്നു.
പിന്നാലെ വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ മടക്കി അക്സര്‍ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലിറ്റണ്‍ ദാസും(19), മുഷ്ഫീഖുര്‍ റഹീമും(23) പെട്ടെന്ന് മടങ്ങിയെങ്കിലും ഷാക്കിബും ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 200 കടത്തി. തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച ഹസനെ(100) അശ്വിന്‍ മടക്കി. പിന്നാലെ നൂറുല്‍ ഹസനെ(3) അക്സറും വീഴ്ത്തിയപ്പോള്‍ നാലാ ദിനം തന്നെ ജയം പ്രതീക്ഷിച്ച ഇന്ത്യക്ക് മുന്നില്‍ ഷാക്കിബ് പ്രതിരോധം തീര്‍ക്കുകയായിരുന്നു. അതേസമയം, ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ബാറ്റിംഗിലും കുല്‍ദീപ് യാദവ് ബൗളിംഗിലും ഇന്ത്യക്ക് വേണ്ടി മികച്ച പോരാട്ടം കാഴ്ചവെച്ചു. കുല്‍ദീപ് യാദവാണ് കളിയിലെ താരം.