തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടേയുള്ള 19 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ബി ജെ പി നയിക്കുന്ന ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യ ടിവി – സി എന്‍ എക്സ് ഒപ്പീനിയന്‍ പോള്‍. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, കർണാടക, കേരളം, അസം അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ, മേഘാലയ, സിക്കിം, നാഗാലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സർവ്വേ പ്രകാരം ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.
മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 118 സീറ്റുകൾ നേടിയേക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യം 110ൽ വിജയിച്ചേക്കാം. മറ്റ് പ്രാദേശിക പാർട്ടികളായ ബിജു ജനതാദൾ (ബിജെഡി), ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), വൈഎസ്ആർസിപി എന്നിവർക്ക് ആകെയുള്ള 282 ലോക്‌സഭാ സീറ്റുകളിൽ 54 എണ്ണവും സ്വന്തമാക്കിയേക്കാം.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 30 സീറ്റുകളും തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 21 സീറ്റുകളും നേടിയേക്കും. ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ 13 സീറ്റുകളും വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശില്‍ 15 സീറ്റും നേടിയേക്കുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു. അതേസമയം കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിക്ക് തെലങ്കാനയിൽ ആകെയുള്ള 17 സീറ്റുകളിൽ 8 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.
മധ്യപ്രദേശ്, രാജസ്ഥാൻ, അസം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ പ്രവചനം ശ്രദ്ധേയമാണ്. രാജസ്ഥാനിലെ 25ൽ 23ഉം മധ്യപ്രദേശിലെ 29ൽ 25ഉം ഛത്തീസ്ഗഡിലെ 11ൽ ഏഴും അസമിൽ 14ൽ 12ഉം എൻഡിഎ നേടിയേക്കും. കേരളത്തിലേക്ക് വരുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 20ൽ 16 സീറ്റും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേടിയേക്കുമെന്നാണ് പ്രവചനം.
നാല് സീറ്റുകൾ മാത്രമായിരിക്കും ഭരണകക്ഷിയായ എൽഡിഎഫിന് ലഭിക്കുക. അതേസമയം ബിജെപിക്ക് ഇത്തവണയും നിരാശയാകും ഫലം. അവർക്ക് സംസ്ഥാനത്ത് സീറ്റ് നേടാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു. വോട്ട് ശതമാനം കണക്കാക്കുമ്പോൾ എൽഡിഎഫിന് 39 ശതമാനവും യു ഡി എഫിന് 47 ശതമാനവുമാണ് സർവേയിലെ പ്രവചനം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് 13 ശതമാനം വോട്ട് കിട്ടുമെന്നും കണക്കാക്കുന്നു.