CricketNewsSports

Asia Cup:വരവറിയിച്ച് രാഹുല്‍,തകര്‍ത്തടിച്ച് കോലി,ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

കൊളംബോ: പേരുകേട്ട പാകിസ്താന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി വിരാട് കോലിയും കെ.എല്‍.രാഹുലും. ആവേശകരമായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചു. മറുവശത്ത് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ 77-ാം സെഞ്ചുറിയാണ് നേടിയത്. അപരാജിത കൂട്ടുകെട്ടിലൂടെ രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഞായറാഴ്ച മഴ കളിമുടക്കിയതിനെത്തുടര്‍ന്നാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റിവെച്ചത്.ഞായറാഴ്ച ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ടോസ് നഷ്ടപ്പെട്ട്‌ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. മോശം പന്തുകള്‍ പ്രഹരിച്ച് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. പേരുകേട്ട പാക് പേസ് നിരയെ ആദ്യം ആക്രമിക്കാന്‍ തുടങ്ങിയത് ഗില്ലാണ് പിന്നാലെ രോഹിത്തും ഗിയര്‍ മാറ്റി. ഇതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി. ഗില്‍ 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ടീം സ്‌കോര്‍ 100 കടന്നു.

ഗില്ലിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 42 പന്തുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ അര്‍ധസെഞ്ചുറി പിറന്നത്. പക്ഷേ അര്‍ധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത്തിനെ ശദബ് ഖാന്‍ ഫഹീം അഷറഫിന്റെ കൈയിലെത്തിച്ചു.

പിന്നാലെ ഗില്ലും വീണു. 52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി സല്‍മാന്‍ അലിയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആദ്യ വിക്കറ്റില്‍ രോഹിതും ഗില്ലും 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

പിന്നാലെ ക്രീസിലൊന്നിച്ച കെ.എല്‍.രാഹുലും വിരാട് കോലിയും ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് പടുത്തുയര്‍ത്തി. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെച്ചു. 24.1 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്.

റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാന്‍ നേരം വൈകി. മഴമൂലം മത്സരം 4.40 നാണ് ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. കോലിയെ സാക്ഷിയാക്കി രാഹുല്‍ അടിച്ചുതകര്‍ത്തു. അനായാസം ബൗണ്ടറിയും സിക്‌സും പറത്തി രാഹുല്‍ പാക് ബൗളര്‍മാര്‍ക്ക് ഭീഷണിയായി മാറി. 32.5 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പിന്നാലെ രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 60 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.

രാഹുലിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി. 55 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. താരത്തിന്റെ 66-ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 250 കടത്തുകയും ചെയ്തു. അര്‍ധസെഞ്ചുറി നേടിയശേഷം കോലി ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. ഇതോടെ സ്‌കോറിങ്ങിന്റെ വേഗം കൂടി. 42.3 ഓവറില്‍ കോലിയും രാഹുലും ചേര്‍ന്ന് കൂട്ടുകെട്ട് 150 ആക്കി ഉയര്‍ത്തി. 45 ഓവറില്‍ ടീം സ്‌കോര്‍ 300 കടന്നു.

47-ാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ സെഞ്ചുറി തികച്ചു. 100 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ ഏകദിനത്തിലെ ആറാം സെഞ്ചുറിയാണിത്. പിന്നാലെ കോലിയും സെഞ്ചുറി തികച്ചു. 84 പന്തുകളില്‍ നിന്നാണ് കോലി ശതകം കുറിച്ചത്. താരത്തിന്റെ ഏകദിനത്തിലെ 47-ാം സെഞ്ചുറിയാണിത്. അന്താരാഷ്ട്ര കരിയറിലെ കോലിയുടെ സെഞ്ചുറികളുടെ എണ്ണം 77 ആയി ഉയര്‍ന്നു.

അവസാന ഓവറില്‍ കോലി ആഞ്ഞടിച്ചു. കോലി 94 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 122 റണ്‍സെടുത്തും രാഹുല്‍ 106 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 111 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 194 പന്തില്‍ നിന്ന് 233 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി, ശദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button