25.4 C
Kottayam
Friday, May 17, 2024

ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Must read

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൊച്ചിയിലും കോഴിക്കോട് കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേസമയമാണ്‌ റെയ്ഡ് നടക്കുന്നത്.

രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതില്‍ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകര്‍ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളില്‍ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.

നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. നിലവില്‍ ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാന്‍ ഫാരിസ് അബൂബക്കറിനോട് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുമ്പ് പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയത കാലത്ത് പിണറായി വിജയനും മറ്റ് നേതാക്കള്‍ക്കുമെതിരെ വി.എസ്. അച്യുതാനന്ദന്‍ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഫാരിസ് അബൂബക്കര്‍ തന്നെ രംഗത്ത് വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week