CrimeKeralaNews

കൂത്താട്ടുകുളത്ത് പിതൃസഹോദരൻ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; പ്രതി തൂങ്ങിമരിച്ച നിലയിൽ

കൂത്താട്ടുകുളം ∙ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പ്രതി വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്.

കുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്.

പരുക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിന് നാട്ടുകാർ പിരിവിട്ട് എട്ടു ലക്ഷം രൂപ ചെലവിൽ വീടുവച്ചു നൽകിയിരുന്നു.

പ്രതിക്കെതിരെ ഒരു വർഷം മുൻപു പെൺകുട്ടി നൽകിയ പരാതിയിൽ കേസുണ്ട്. 2021ൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. നിർധന കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ പുത്തൻകുരിശിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button