KeralaNews

‘സ്വന്തം നാട്ടിലെ പെണ്ണല്ലേ എന്ന് കരുതി ബഹുമാനം തരില്ല’; മലയാള സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ നയൻസ്

ചെന്നൈ:തെന്നിന്ത്യയിലെ താര റാണിയാണ് നടി നയൻതാര. ഇരുപത് വർ‌ഷത്തോടടുക്കുന്ന നടിയുടെ കരിയറിന്റെ തളർച്ചയും വളർച്ചയും ഒരു പോലെ പ്രേക്ഷകർ കണ്ടതാണ്. ആദ്യകാലങ്ങളിൽ ​ഗ്ലാമറസ് നായികയായി ബി​ഗ് സ്ക്രീനിലെത്തിയ നയൻതാര പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകളിലെ നായികയായി. സൂപ്പർ താരമില്ലാതെ തന്റെ സിനിമയെ വിജയിപ്പിക്കാനാവുമെന്ന് നയൻസ് തെളിയിച്ചു.

ഇന്ന് തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക, ബി​ഗ് ബജറ്റ് സിനിമകളിലെ ഡിമാന്റുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകാൻ കഴിയുന്ന നായിക തുടങ്ങി നയൻതാരയ്ക്കുള്ള വിശേഷണങ്ങൾ ഏറെയാണ്.

മലയാളിയായ നയൻസിനെ മലയാള സിനിമയിൽ അധികം കണ്ടിട്ടില്ല. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു അ​രങ്ങേറ്റം. പിന്നീട് നാട്ടുരാജാവ്, രാപ്പകൽ, തസ്കരവീരൻ തുടങ്ങി കുറച്ച് സിനിമകളിലഭിനയിച്ച നടി പെട്ടെന്ന് തന്നെ തമിഴകത്തേക്ക് ചേക്കേറി.

പിന്നീട് തെലുങ്കിലും മിന്നും താരമായി. താരപദവിയിലെത്തിയ ശേഷം മലയാളത്തിൽ ബോ‍ഡി ​ഗാർഡ്, പുതിയ നിയമം, ലവ് ആക്ഷൻ ഡ്രാമ, നിഴൽ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥിരാജിനൊപ്പം എത്തുന്ന നിഴൽ എന്ന സിനിമയാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് ചാനലിന് നയൻതാര നൽകിയ അഭിമുഖമാണ് വൈറലാവുന്നത്. മലയാളം സിനിമാ രം​ഗത്ത് ഇഷ്ടമല്ലാത്ത കാര്യമെന്തെന്ന ചോദ്യം അഭിമുഖത്തിൽ വന്നു. ഞാൻ ഡിപ്ലോമാറ്റിക് ആവുന്നില്ലെന്ന് പറഞ്ഞ നയൻതാര തന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു.

‘ബോംബെയിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വരുന്ന നടിമാരാണെങ്കിൽ അവർക്ക് ബഹുമാനം കൊടുക്കും. എന്നാൽ എന്റെ നാട്ടിലെ പെണ്ണ്, എന്റെ നാട്ടിലെ നടി എന്ന് കരുതുമ്പോൾ അവർ ഒരു അഡ്വാന്റേജ് എടുക്കും. അത് തെറ്റാണെന്നല്ല പറയുന്നത്. ബഹുമാനം കുറച്ച് കുറവായിരിക്കും. നമ്മളെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ആർട്ടിഫിഷ്യലായ ബഹുമാനം കൊടുക്കണം എന്ന് വിചാരിച്ചാണ് ചെയ്യുന്നത്. പക്ഷെ ഒരു ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് അവർ കുറച്ച് ശ്രദ്ധിക്കണം,’ നയൻതാര പറഞ്ഞു.

തമിഴ്,തെലുങ്ക് ഇൻഡസ്ട്രികളെ പറ്റിയും നയൻതാര അന്ന് സംസാരിച്ചു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നും വളരെ പരിലാളന ലഭിക്കും. തമിഴ് സിനിമകളിൽ ഒരു പരാതിയും ഇല്ല. ഇവിടെ എല്ലാത്തിനും ഒരു ബാലൻസ് ഉണ്ട്. അവർക്ക് താരങ്ങളെ ഇഷ്ടമാണ്. പക്ഷെ ഇൻഡസ്ട്രിക്കും ഇവിടത്തെ പ്രേക്ഷകർക്കും എല്ലാത്തിലും ഒരു ബാലൻസ് ഉണ്ടെന്നും നയൻതാര പറഞ്ഞു.

തമിഴകത്തിന് നയൻതാര ഇഷ്ടപ്പെട്ടത് പോലെ തന്നെ ഇന്ന് തമിഴ്നാടും നയൻസിനെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തമിഴകത്ത് ഇത്രയധികം വർഷം സൂപ്പർ ഹിറ്റ് നായികയായി തിളങ്ങിയ മറ്റൊരു നടിയും ഉണ്ടായിട്ടില്ലെന്നതും ഈ സ്വീകര്യതയെ അടയാളപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker