കൊച്ചി: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, തൊഴില്‍ എന്നിവയില്‍ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെന്‍സസ് അനിവാര്യമാണെന്ന് ജനതാദള്‍ എസ് നേതാക്കള്‍ പറഞ്ഞു. എറണാകുളം ബി.ടി. എച്ചില്‍ ചേര്‍ന്ന ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ആവശ്യം ഉന്നയിച്ചത്.
ജനതാദള്‍ എസ് ദേശീയ പ്രസിഡന്റ് മുന്‍ മന്ത്രി സി.കെ നാണു, സംസ്ഥാന പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ പങ്കെടുത്തു. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെന്‍സസിനൊപ്പം 2021 മുതല്‍ നടത്തേണ്ട സെന്‍സസ് ജോലികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കള്‍ പറഞ്ഞു.
ജനതാദള്‍ എസിന്റെ പ്രഖ്യാപിത നിലപാടുകള്‍ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 12,13 തീയതികളില്‍ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കും. പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ മുന്നണി പ്രവേശന ആവശ്യത്തോട് അനൂകൂല നിലപാട് എല്‍. ഡി. എഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്‌സഭ, ചേലക്കര, പാലക്കാട് നിയമസഭ ഉപ തിരഞ്ഞെടുപ്പുകളില്‍ ജനതാദള്‍ എസ് സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സര രംഗത്ത് ഉണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.
ജനതാദള്‍ എസിന്റെ അസ്തിത്വം സംരക്ഷക്കാനും സംഘടനാ സാന്നിധ്യം ഉറപ്പുവരുത്താനും പാര്‍ട്ടിയെ സംബന്ധിച്ചു അത്തരം ഒരു തീരുമാനം നിര്‍ബന്ധമായും കൈകൊള്ളണമെന്ന് ജെ. ഡി. എസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുഴുവന്‍ അംഗംങ്ങളും ഏകകണ്ഠമായി അവശ്യപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.