കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്‌തേനെയെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യങ്ങളോട് പറഞ്ഞു.
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എല്‍ഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി പറഞ്ഞു. പാലായില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതല്‍ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ടു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 15 ശതമാനത്തോളം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്.
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയാറാക്കിയിട്ടുള്ളത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.