കണ്ണൂർ: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ആളാണോയെന്നു സംശയിക്കുന്നതായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ എസ്എഫ്ഐ നേതാവ് പിജി കോഴ്സിന് ചേർന്നതിൽ എംഎസ്എം കോളേജ് അധികൃതർക്കും അന്നത്തെ പ്രിൻസിപ്പാൾ ഭദ്ര കുമാരിക്കും സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാബുജാനും പങ്കുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂൺ 17ന് കെഎസ്‍യു നേതാവ് മാഹിൻ ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിന് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. സെനറ്റ് അംഗമായ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബുജാൻ ഇതിനായി ഇടപെട്ടു. ബി.കോം എച്ച്ഒഡിക്കും സംഭവത്തിൽ പങ്കുണ്ട്. വൈസ് ചാൻസലർ വി സി മഹാദേവൻ പിള്ള ഉൾപ്പെടെയുള്ളവർ പ്രതികൂട്ടിലാകുമെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കുടിയേറ്റമേഖലയെ വായനയിലേക്ക് നയിച്ച ‘സ്വരാജ്’
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് പരിശോധിച്ച് ഒറിജിനിലാണെന്നു വരുത്തിത്തീർത്ത സംഭവം മാധ്യമങ്ങളിൽ കണ്ടു. യുജിസിയെ മുൻനിർത്തിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഇതിനെ ന്യായീകരിച്ചത്. സർട്ടിഫിക്കേഷൻ വെരിഫിക്കേഷൻ ഇപ്പോൾ എസ്എഫ്ഐയുടെ പണിയാണെന്നാണ് മനസിലാകുന്നതെന്നും കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പരിഹസിച്ചു.
ആർഷോയ്ക്ക് സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കെഎസ്‍യു സംശയിക്കുന്നുണ്ട്. ആർഷോയുമായി വ്യക്‌തിപരമായ ബന്ധമുള്ളയാളാണ് വ്യാജമാർക്ക് ലിസ്റ്റ് വിവാദത്തിലെ പ്രതിയായ വിദ്യ. അവരെ പിടികൂടുന്നതിൽ കേരളാ പോലീസ് ഉരുണ്ടു കളിക്കുകയും ഇരുട്ടിൽ തപ്പുകയുമാണെന്നും അരിക്കൊമ്പനെ പോലെ ആർഷോയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചാൽ വിദ്യയെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നും ഷമ്മാസ് പരിഹസിച്ചു.