EntertainmentNews

‘നമ്മുടെ സിനിയല്ലെ ചേട്ടാ’: ടൊവിനോയുടെ ഹെലികോപ്ടര്‍ പ്രമോഷന്‍ വിമര്‍ശനത്തില്‍ പ്രതികരിച്ച് ‘ഐഡന്‍റിറ്റി’ നിര്‍മ്മാതാവ്

കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ മാസത്തെ സിനിമയുടെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെട്ട ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്‍റിറ്റി എന്ന സിനിമ. എന്നാല്‍ ഒരു ടിവി ചര്‍ച്ചയില്‍ ഹെലികോപ്റ്ററില്‍ പറന്ന് നടത്തിയ പ്രമോഷന്‍ അടക്കം ചിത്രത്തിന്‍റെ ബജറ്റ് കൂട്ടിയെന്നും, ചിത്രത്തിലെ നായകനായ ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നും സംവിധായകന്‍ വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. 

ടൊവിനോ അഡ്വാന്‍സ് വാങ്ങിയാണ് ചിത്രവുമായി സഹകരിച്ചതെന്നും, ഐഡന്‍റിറ്റി നന്നായി പോകാത്തതിനാല്‍ മറ്റൊരു ചിത്രം ചെയ്യാന്‍ സമ്മതിച്ചതായും നിര്‍മ്മാതാക്കളായ രാഗം മൂവീസിന്‍റെ ഉടമ രാജു മല്ല്യാത്ത് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. 

കഴിഞ്ഞ 45 വർഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളില്‍ നിർമ്മാതാവായും സഹനിർമ്മാതാവായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. അവയിൽ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിർമ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്. 

വിഷയം എന്തെന്നുവച്ചാല്‍ ഒരു ചാനല്‍ ചർച്ചയിൽ ഞാൻ നിർമ്മിച്ച ഐഡന്‍റിറ്റി എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്‌ടർ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതിൽ ശ്രീ.വിനു കിരിയത്തിന്‍റെ പരാമർശത്തിന്‍റെ സത്യാവസ്ഥ എന്തെന്നു വച്ചാൽ ഒരിക്കലും ടോവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചരണം  ഐഡന്‍റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളിൽ പറഞ്ഞ എന്‍റെ സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഡോ. റോയി സിജെയാണ്.  

അദ്ദേഹത്തെ ഐഡന്‍റിറ്റിയുടെ നിർമ്മാണ പങ്കാളിയാക്കി  ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ. റോയി സിജെയുടെ ആശയത്തിൽ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്‍റെ മുഴുവൻ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി.

2018 കാലയളവു മുതൽ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഐഡന്‍റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതി ഫലത്തിന്‍റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട് ചിത്രം റിലീസു ചെയ്‌തിട്ട് ബാക്കി തുക തന്നാൽ മതി എന്നുപറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോ. 

ചിത്രീകരണ ത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല മുൻപറഞ്ഞ ചിത്രത്തിന്‍റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എന്‍റെ കൂടെ നിന്ന് ഉടൻതന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്‌കത കാണിച്ച നടനാണ് ടൊവിനോ. 

കൂടാതെ ചിത്രം പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ ധൈര്യപൂർവ്വം മുൻപോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്‍റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടൻ തന്നെയാണ്.

മുകളിൽ പറഞ്ഞ ചിത്രത്തിന്‍റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സൻമനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ. വസ്‌തുനിഷ്‌ടമായി കാര്യങ്ങൾ വ്യക്തമായറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാൽ നിർമ്മാതാവ് നിലയില്‍ എന്‍റെ അനുഭവങ്ങൾ ഇവിടെ പറയാൻ നിർബന്ധിതനാകുകയാണ്. ചാനലില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന കാര്യങ്ങൾ വസ്‌തുതാപരമായി തെറ്റുതന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker