FeaturedKeralaNews

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ശൂരനാട്ടെ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടര്‍ ആയ കിരണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അല്‍പ്പ സമയം മുമ്പ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി. തിങ്കളാഴ്ച വൈകി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന്‍ സമ്മതിച്ചില്ല. പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാന്‍ പറ്റൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. കിരണിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം കിരണിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button