ബംഗളൂരു: അവിഹിതബന്ധം എതിർത്ത ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ (37) അറസ്റ്റിലായി. ശ്വേത (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ലാബ് ടെക്‌നീഷ്യനായ ദർശൻ ബംഗളൂരുവിൽ സ്വന്തമായി ഡയഗ്നോസ്റ്റിക് സെന്റർ നടത്തിവരികയായിരുന്നു. ഏഴുവർഷം മുൻപാണ് ശ്വേതയും ദർശനും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇരുവർക്കും നാല് വയസുകാരനായ മകനുമുണ്ട്. ബംഗളൂരുവിൽ താമസിക്കുകയായിരുന്ന കുടുംബം ദിവസങ്ങൾക്ക് മുൻപാണ് സ്വന്തം നാടായ ചിക്കമഗളൂരുവിലെ ദേവരുണ്ടയിൽ തിരികെയെത്തിയത്.
അടുത്തിടെ ജോലി സ്ഥലത്തുള്ള യുവതിയുമായി ദർശൻ അടുപ്പത്തിലാണെന്ന് ശ്വേത അറിഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശ്വേത മരണപ്പെട്ടതായി ദർശന്റെ സഹോദരൻ ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞത്. വീട്ടിലെത്തിയ ബന്ധുക്കൾ ശ്വേതയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ദർശനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ശ്വേത മറ്റൊരു യുവതിയോട് അഭ്യർത്ഥിക്കുന്നതിന്റെ ഓഡിയോ ക്ളിപ്പും തെളിവായി സമർപ്പിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നാണ് ശ്വേത മരണപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ദർശൻ കുറ്റം സമ്മതിക്കുകയായിരുന്നു. ആഹാരത്തിൽ സയനൈഡ് കലർത്തി നൽകി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ ദർശനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.