സേലം: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി. കീര്‍ത്തിരാജി(31)നെയാണ് സുരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കീര്‍ത്തിരാജ് ഭാര്യ ധനുശ്രീ(26)യെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പാണ് കീര്‍ത്തിരാജും ധനുശ്രീയും വിവാഹിതരായത്. ദമ്പതിമാര്‍ക്കിടയില്‍ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നു. പത്തുദിവസം മുമ്പ് ഭര്‍ത്താവുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് ധനുശ്രീ സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച രാത്രി കീര്‍ത്തിരാജ് ഭാര്യയുടെ വീട്ടിലെത്തി അനുനയിപ്പിക്കുകയും ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.
വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനും ശ്രമിച്ചു. ഇതിനായി കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനുശേഷം ധനുശ്രീയുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും വിവരമറിയിച്ചു. ഭാര്യയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയെന്നായിരുന്നു പ്രതി ആദ്യം എല്ലാവരോടും പറഞ്ഞത്. എന്നാല്‍ മൃതദേഹത്തില്‍ ചില മുറിവുകള്‍ കണ്ടത് ഭാര്യവീട്ടുകാരില്‍ സംശയമുണര്‍ത്തി. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, സ്ത്രീധനത്തെച്ചൊല്ലിയാണ് കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ദമ്പതിമാര്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. ഇതിനുപിന്നാലെ കീര്‍ത്തിരാജ് ഭാര്യവീട്ടുകാരില്‍നിന്ന് കാറും കൂടുതല്‍ സ്വര്‍ണവും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഭാര്യവീട്ടുകാര്‍ കാര്‍ നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.