25.5 C
Kottayam
Monday, May 20, 2024

അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍

Must read

മലപ്പുറം: മങ്കട എലച്ചോലയില്‍ താമസിച്ചിരുന്ന അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയിലായി.കൊലപാതകത്തിനു ശേഷം കുട്ടികളേയും കൂട്ടി രക്ഷപെട്ട പ്രതിയെ അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവും അസ്സം ബൊങ്കൈഗാവോണ്‍ സ്വദേശിയുമായ ചാഫിയാര്‍ റഹ്മാനാണ് പൊലീസ് പിടിയിലായത്.


മാര്‍ച്ച് 9 ന് വൈകിട്ടാണ് അസ്സം സ്വദേശിനിയായ ഹുസ്നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികള്‍ മങ്കട പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സ്ഥലത്ത് നിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിന്‍ കയറിയതായി വിവരം ലഭിച്ചു.

ആസ്സാമില്‍ ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും രഹസ്യമായി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തിപ്രദേശമായ റൂയിംഗ് എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റസമ്മതിച്ചു.

ഭാര്യയെ സംശയിച്ചിരുന്നതായും അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടുതല്‍ സംശയത്തിനിടയാക്കിയതായും ചാഫിയാര്‍ റഹ്മാൻ പറഞ്ഞു.ഇതിനെ ചൊല്ലി ഈ മാസം 8 ന് രാത്രിയില്‍ ഭാര്യയുമായി വഴക്കിടുകയും കുട്ടികള്‍ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു.ശേഷം മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു.തന്‍റെ അഡ്രസ് പിന്തുടര്‍ന്ന് കേരളാ പൊലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടികണ്ടെന്നും അതുകൊണ്ട് ആസ്സാമില്‍ തന്‍റെ നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് ‘ലാമിയ’ എന്ന പേരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നുവെന്നും ചാഫിയാര്‍ റഹ്മാന്‍ പൊലീസിനോട് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week