അച്ഛനു മകനും ഒരു പോസ്റ്ററില്‍; ലാലേട്ടന്‍ വേര്‍ഷന്‍ പങ്കുവെച്ച് ആരാധകര്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന് ഇന്നലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളായിരുന്നു ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
‘എന്റെ മകന്റെ ചിത്രമായ ഹൃദയത്തിന്റെ ആദ്യഗാനം പുറത്തിറങ്ങുകയാണ്. വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം നിങ്ങളെ അറിയിക്കുന്നത്. എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രണവിന്റെ സിനിമയെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ആഘോഷത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പ്രണവിന്റെ ചിത്രമായിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ വൈറലാവുകയും ചെയ്തിരുന്നു.
പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നായിരുന്നു വിനീത് പങ്കുവച്ച പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍. ഇതിന് പിന്നാലെ പോസ്റ്ററില്‍ പ്രണവിന് പകരം മോഹന്‍ലാലിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടു. ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലിജില്‍ ലിജു കുന്നോത്താണ് സൃഷ്ടിക്ക് പിന്നില്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകന്‍.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.’ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.