കൊച്ചി:സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനവേദികള്‍ പ്രത്യക്ഷപ്പെടുന്നതിനെത്തുടര്‍ന്ന് ട്രോളുകള്‍ക്കും താരം ഇരയാവാറുണ്ട്. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിന്റെ ചോദ്യങ്ങള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. ഉദ്ഘാടനങ്ങളെക്കുറിച്ചും അതിന് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ബാബുരാജിന്റെ ചോദ്യത്തിന് ഹണി റോസ് അഭിമുഖത്തില്‍ മറുപടി നല്‍കുന്നു. ഒരുമാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന്, ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവേയുള്ളൂവെന്നുമാണ് താരത്തിന്റെ മറുപടി.
‘കേരളത്തില്‍ എല്ലാതരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുങ്കില്‍ ജ്വല്ലറിയും ടെക്‌സ്റ്റൈല്‍സും മാത്രമേയുള്ളൂ. റെസ്റ്റോറന്റുകളും മറ്റും ചുരുക്കമേ ചെയ്യാറുള്ളൂ. മരുന്നുകട ചെയ്തിട്ടുണ്ട്, പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ അന്വേഷണമുണ്ടായിരുന്നു. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല’, ഹണി റോസ് പറയുന്നു.
സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന ബാബുരാജിന്റെ ചോദ്യത്തോട്, നല്ല മനസ്സിന്റെ പ്രതിഫലനമാണ് സൗന്ദര്യം എന്നായിരുന്നു ഹണിയുടെ മറുപടി. ബോയ്ഫ്രണ്ടിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. നേരത്തെ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം പക്ഷേ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി വെളിപ്പെടുത്തിയില്ല. നല്ലൊരാള്‍ വരുമ്പോള്‍ വിവാഹം സംഭവിക്കുമെന്ന് താരം പറഞ്ഞു.
‘നല്ലൊരാള്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്ക് ചേരുന്നൊരാള്‍ എന്നാണ്. പരിചയപ്പെട്ട് സംസാരിച്ച് കുറച്ച് കഴിയുമ്പോള്‍ ഒരു വൈബുണ്ടാവും. ഇന്നേവരെ ആ ഒരു വൈബ് ഉണ്ടായിട്ടില്ല. ആള് ഫ്രെയ്മിലേക്ക് വന്നിട്ടില്ല. സംഭവിക്കട്ടെ. വീട്ടുകാര്‍ കണ്ടുപിടിക്കുന്നതാണെങ്കിലും സ്വന്തമായി കണ്ടെത്തുന്നതാണെങ്കിലും ഓക്കേയാണ്. നമ്മളുമായി യോജിച്ചുപോകുന്നൊരു മനുഷ്യനായിരിക്കണം’, ഹണി റോസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരണം ഇങ്ങനെ: നെഗറ്റീവ് കമന്റ്‌സുകൊണ്ട് എനിക്ക് മോശമൊന്നും സംഭവിച്ചിട്ടില്ല. നമ്മള്‍ സ്വസ്ഥമായും സമാധാനമായും പോകുന്നു. പറയുന്നവര്‍ പറയട്ടെ. അവരുടെ തല, അവരുടെ ചിന്തകള്‍. അവര്‍ അയ്യോ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോയെന്ന് ചിന്തിക്കാന്‍ പോയാല്‍ നമുക്കൊരു മനസമാധാനവും കിട്ടില്ല, ഒന്നും ചെയ്യാന്‍ പറ്റില്ല. ലൈഫ് ഭയങ്കര ഡാര്‍ക്കായി പോവും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല.