കോഴിക്കോട്: പുതുക്കി പണിത നവകേരള ബസിൽ ബുക്കിംഗ് ഫുൾ എന്ന് റിപ്പോർട്ട്. കോഴിക്കോടുനിന്ന് ബംഗളൂരുവിലേയ്ക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്നുരാവിലെ മുഴുവൻ സീറ്റിലും ആളുകളുമായി സർവീസ് ആരംഭിച്ചത്. സർവീസ് സമയത്തിലും ടിക്കറ്റ് നിരക്കിലും മാറ്റം വന്നിട്ടുണ്ട്.
രാവിലെ 8.25ന് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കും. രാത്രി 10.25ന് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. നേരത്തെ പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളൂരുവിലെത്തി 2.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സഞ്ചരിച്ച നവകേരള ബസ് ഏറെ നാളായി പൊടിപിടിച്ച് കിടക്കുകയായിരുന്നു. അടുത്തിടെ പുതുക്കിപ്പണിതതിന് ശേഷമാണ് വീണ്ടും സർവീസ് ആരംഭിച്ചത്. അടിമുടി രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചയാണ് കോഴിക്കോട്ടെത്തിച്ചത്. 11 സീറ്റ് അധികമായി ഘടിപ്പിച്ച് 37 സീറ്റാക്കി. നേരത്തെ 26 സീറ്റായിരുന്നു. ശുചിമുറി നിലനിറുത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ ഒഴിവാക്കി സാധാരണ വാതിലാക്കി. പിൻ ഡോറും ഒഴിവാക്കി. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റമില്ല.
ടിക്കറ്റ്നിരക്ക് 1280 ൽനിന്നു 956 രൂപയാക്കി കുറച്ചു. ഓൺലെെൻ ബുക്കിംഗും ആരംഭിച്ചു. സ്റ്റേജ് ഫെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൈസൂരു, ബത്തേരി, കൽപ്പറ്റ, താമരശേരി എന്നിവിടങ്ങളിലാണ് സ്റ്റേജ് ഫെയർ സംവിധാനമുള്ളത്. ബംഗളൂരുവിൽ നിന്ന് ബത്തേരി- 671 രൂപ, കൽപറ്റ– 731 രൂപ, താമരശേരി– 831 രൂപ, കോഴിക്കോട്– 956 രൂപ. മൈസൂരുവിൽ നിന്ന് കോഴിക്കോട്– 560 രൂപ.
‘ഗരുഡ പ്രീമിയം” എന്ന പേരിൽ മേയ് അഞ്ച് മുതലാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കും ഇടയ്ക്കിടെയുണ്ടാകുന്ന പണിമുടക്കുമാണ് യാത്രക്കാരെ അകറ്റിയിരുന്നത്.