കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകുമെന്ന് ചോദിച്ച കോടതി ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മതം ഉള്‍പ്പടെയുള്ളവ രണ്ടാമത്തെ കാര്യമാണെന്നും വ്യക്തമാക്കി.
ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.
പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധിയില്‍ സര്‍ക്കുലര്‍ വഴി 50 മീറ്റര്‍ പരിധിയില്‍ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവ് എന്നും സര്‍ക്കാര്‍ പറഞ്ഞു.
സിസിഎഫിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. പത്ത് മീറ്ററെങ്കിലും അകലം അനിവാര്യമെന്നും തീവെട്ടിയും ആനയും തമ്മില്‍ അഞ്ച് മീറ്റര്‍ അകലം വേണമെന്നും അമികസ് ക്യൂറി പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഹൈക്കോടതി വ്യക്തമാക്കി.