മലപ്പുറം: മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മീഡിയാവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് മുജീബ് റഹ്‌മാന്റെ മകനാണ്.
കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചർമത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ട നിറത്തിലുള്ള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതനായ ഒരാളുടെ മലംമൂലം മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്തസമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്.
പ്രതിരോധമാർഗങ്ങൾ
* കുടിവെളള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. (1,000 ലിറ്റർ വെള്ളത്തിന് (ഒരു റിങ്) അഞ്ചുഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ).
*ഭക്ഷണം പാകംചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്രവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കഴുകുക.
*രോഗബാധിതരായവർ ഭക്ഷണം പാകംചെയ്യാതിരിക്കുക
*രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വെക്കാതിരിക്കുക.
*രോഗി ഉപയോഗിച്ച വസ്തുക്കൾ ശാസ്ത്രീയമായി സംസ്‌കരിക്കയും പുനരുപയോഗമുള്ള തുണി, പാത്രങ്ങൾ എന്നിവ അണുനശീകരണം നടത്തിയശേഷം മാത്രം ഉപയോഗിക്കയും ചെയ്യുക.
*മഞ്ഞപ്പിത്തംമൂലമുള്ള പനി മാറുന്നതിനായി ഡോക്ടറുടെ നിർദേശമില്ലാതെ പാരസെറ്റാമോൾ ഗുളിക കഴിക്കാതിരിക്കുക.