തിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 25 രാത്രി 11.30 വരെ 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞിട്ടുണ്ട്. വൈകുന്നേരം പെയ്ത മഴയില്‍ നിലമ്പൂര്‍ വെളിയംതോട്ടെ ഒരു കിണര്‍ ഇടിഞ്ഞ് താഴ്ന്നു. അകമ്പാടത്ത് മലവെള്ള ഭീഷണിയുളള 6 കുടുംബങ്ങളെ ബന്ധുവീട്ടുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ചോക്കാട് പുഴ , ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അകമ്പാടം കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 36 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലമ്പൂരില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകി. സൈലന്റ് വാലി വനമേഖലയില്‍ ശക്തമായ മഴയാണ്. കുന്തിപ്പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂര്‍, താവളം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂര്‍ പാലത്തിന്റെ കൈവരിക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ താല്‍കാലികമായാണ് പുനസ്ഥാപിച്ചിരുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.