തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം. കനത്തമഴയില്‍ പലയിടങ്ങളിലും വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്.
എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു.
ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ടെസ്ല ലാബിന് മുൻപിലെ മാവ് കടപുഴകി വീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു. ട്രാം വേ റോഡിൽ മരം വീണ് ലോറിയുടെ ചില്ല് തകർന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ നേരിയ പ്രകമ്പനമുണ്ടായി. രാവിലെ 8.16 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 2 സെക്കന്‍ഡ് താഴെ സമയം നീണ്ടതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റെ ഉൾപ്പടെയുള്ളവർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. കല്ലൂര്‍ ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ ഒരു പ്രതിഭാസം മാത്രമാണ്. ഇതേ ക്കുറിച്ച് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
കോട്ടയം വാകത്താനം കൊട്ടാരത്തിൽ കടവ് റോഡിൽ കാർ മുങ്ങി. കൊടുരാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് ചങ്ങനാശ്ശേരി സ്വദേശി റിജോയുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ നാട്ടുകാർ രക്ഷിപ്പെടുത്തി. ജില്ലയിൽ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ നാൽപ്പത്തിയെട്ട് കുടുംബങ്ങളിലെ 159 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.
കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന് സമീപത്തായാണ് നിലകൊള്ളുന്നത്.