KeralaNews

കേരളത്തില്‍ കൊടുചൂട് ,ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ ചൂട് തുടരുകയാണ്. പലയിടത്തും ഉയർന്ന തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കാര്യമായ മഴ ലഭിക്കാതിരുന്നത് ഫെബ്രുവരിയിൽ ചൂട് തുടരാൻ കാരണമാകുന്നുണ്ട്. ഇടുക്കി മൂന്നാർ മേഖലകളിൽ ഒരാഴ്ച മുൻപ് വരെ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഈ ദിവസങ്ങളിൽ ചൂട് ഉയർന്ന തോതിലാണ്.

മാർച്ച് മുതലാണ് കേരളത്തിൽ ചൂട് ഉയർന്ന തോതിൽ രേഖപ്പെടുത്താൻ ആരംഭിക്കുക. വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. എന്നാൽ ഫെബ്രുവരി ആദ്യത്തോടെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചൂട് ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞവർഷവും സംസ്ഥാനത്ത് സമാനമായ സാഹചര്യം നിലനിന്നിരുന്നു.

‘എൽനിനോ’ പ്രതിഭാസത്തിൻ്റെ ഫലമാണ് സംസ്ഥാനത്തെ ഉയർന്ന ചൂട് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം എൽ നിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 37.7°c ആയിരുന്നു കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട്.

തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൂട് മുപ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് നഗരത്തിൽ ശക്തമായ ചൂടാണ് (3°c) അനുഭവപ്പെട്ടത്. കോട്ടയം, ആലപ്പുഴ, കണ്ണൂർ എന്നിവടങ്ങളിൽ 2°c കൂടുതൽ ഉയർന്ന താപനില രേഖപ്പെടുത്തി. കൊട്ടാരക്കര (36.8 °c), പുനലൂർ (36.2), പട്ടാമ്പി (36.3), കുമരകം (35.5), കോട്ടയം (35.2), കണ്ണൂർ (35.2), കോഴിക്കോട് 35 വെള്ളാനിക്കര 35, ആലപ്പുഴ (34.3) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ ചൂടിൻ്റെ നില.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. എന്നാൽ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button