FeaturedHome-bannerKeralaNews

നിപ ബാധയ്ക്ക് കാരണം കാട്ട് അമ്പഴങ്ങ? നിലവില്‍ കണ്ടെത്തിയത് 2023-ലെ വൈറസ്‌ വകഭേദം

മലപ്പുറം: നിപ വൈറസ് ബാധയേറ്റ് മരിച്ച പതിന്നാലുകാരന്‍ കാട്ട് അമ്പഴങ്ങ പറിച്ചുകഴിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിന്‍പുറത്ത് കുളിക്കാന്‍ പോയപ്പോള്‍ കാട്ട് അമ്പഴങ്ങ പറിച്ചുകഴിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീട്ടുകാരും കൂട്ടുകാരും നല്‍കിയ വിവരങ്ങളില്‍ നിന്ന് ഉറവിടം സംബന്ധിച്ച വ്യക്തമായ മറ്റുകാര്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍കൂടി ശേഖരിച്ചതിനുശേഷം സ്ഥിരീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരുതരത്തിലുമുള്ള ആശങ്ക വേണ്ടെന്നും രോ?ഗലക്ഷണങ്ങള്‍ ഉള്ളവര്‍ അറിയിക്കാന്‍ വൈകരുതെന്നും മന്ത്രി പറഞ്ഞു. രണ്ടാമതൊരു കേസ് ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. ഐസൊലേഷനില്‍ തുടരുന്നവരില്‍ യാതൊരുതരത്തിലും അത് ലംഘിക്കരുത്. മാസ്‌ക് ധരിക്കണമെന്നതും പ്രധാനമാണ്. മുമ്പത്തെപ്പോലെ രോ?ഗബാധയുള്ള ജില്ലമുഴുവന്‍ ഐസൊലേഷനില്‍ ആക്കുന്നില്ല. പകരം ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുത്. വവ്വാലുകളുടെ ആവാസവ്യവസ്ഥകള്‍ തീയിട്ട് നശിപ്പിക്കാനോ, ശബ്ദമുണ്ടാക്കി ഓടിക്കാനോ ശ്രമിക്കരുത്. അത് അവയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും കൂടുതല്‍ വൈറസ് പുറന്തള്ളാന്‍ ഇടയാക്കുകയും ചെയ്യുമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. വവ്വാലുകളും കിളികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും വൃത്തിയാക്കിയവ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തുവന്ന പതിനൊന്നുപേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോ?ഗ്യമന്ത്രി അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടുപേരുടെയും സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ രണ്ടുപേരുടെയും പരിശോധനാഫലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷനില്‍ തുടരണം.

2023 കണ്ടെത്തിയ നിപ വൈറസിന്റെ വകഭേദം തന്നെയാണ് ഇവിടെ നിന്നും കണ്ടെത്തിയ വൈറസും എന്ന കാര്യം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് 6642 വീടുകള്‍ സന്ദര്‍ശിച്ചു.

പാണ്ടിക്കാട് 3702 വീടുകളും ആനക്കയത്ത് 2940 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പാണ്ടിക്കാട്ടെ നാലു കേസുകള്‍ മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദര്‍ശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ ക്ലാസ് പി.ടി.എ ചേര്‍ന്നിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായത്തോടെ നല്‍കുമെന്നും അധ്യാപകര്‍ക്കും സംശയ നിവാരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂണെ എന്‍.ഐ.വിയില്‍ നിന്നുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ വൈറസിന്റെ ജീനോമിക് സര്‍വ്വേ നടത്തും. സാംപിള്‍ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ വവ്വാലുകള്‍ക്കായി മാപ്പിങ് നടത്തും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് പോവുന്നതെന്നും മന്ത്രി പറഞ്ഞു. ഐസൊലേഷന്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കും. നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങും. ലബോറട്ടറി സ്ഥാപിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധര്‍ ജില്ലയിലെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൊബൈല്‍ ലബോറട്ടറി വരുന്നതോടെ കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker