
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.
കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്. ഇതോടെ ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും, അടുത്ത വര്‍ഷം ബെംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അദ്ദേഹം നിയന്ത്രിക്കും.
പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എതിര്‍പ്പുന്നയിച്ചിരുന്നു.
സുപ്രീം കോടതിയുടെ പരിധിയിലുള്ള വിഷയമാണെന്നും തിരക്കിട്ടുള്ള നീക്കം ബിജെപിക്ക് മേല്‍ക്കൈ നേടാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ യോഗംചേര്‍ന്നിരുന്നു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ യോഗം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിയോജനക്കുറിപ്പ് സമര്‍പ്പിക്കുകയായിരുന്നു.
1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതിന് അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
അതിന് ശേഷം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.