KeralaNews

ലുലു മാളില്‍ തോക്ക് ഉപേക്ഷിച്ച സംഭവം; അന്വേഷണം നാലു പേരെ ചുറ്റിപ്പറ്റി

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പാര്‍ക്കിംഗ്ഏരിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന.

സെക്യൂരിറ്റി ജീവനക്കാര്‍ തോക്ക് കണ്ടെടുക്കുന്നതിനു മുമ്പ് മുന്‍വശത്തെ ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന നാലു പേരെ ഇതുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്നതായും വിവരമുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ടു പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവദിവസം മാളില്‍ എത്തിവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നു കസ്റ്റഡിയിലെടുത്ത വയോധികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വിട്ടയച്ചത്.

86 വയസുകാരനായ ഇയാള്‍ വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും കാറില്‍ മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു പോലീസിന് ലഭിച്ചിരുന്നു. വിവരങ്ങള്‍ കൂടുതല്‍ ശേഖരിച്ച ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

തോക്ക് ഉപയോഗ ശൂന്യമാണെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് ഷോപ്പിംഗ് മാളില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയത്. ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ട്രോളിയില്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു തോക്കും അഞ്ച് തിരകളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button