തിരുവനന്തപുരം: തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഗ്രീഷ്മ കോടതിയില്‍. ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധിക്ക് മുന്‍പുളള അന്തിമവാദത്തിലാണ് പ്രതിഭാഗം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഷാരോണ്‍ ക്രിമിനല്‍ പശ്ചാത്തലം ഉളളയാളാണ് എന്നും പ്രതിഭാഗം ആരോപിച്ചു.
ഗ്രീഷ്മ ഷാരോണിനെ ജീവന് തുല്യം തന്നെ ആയിരുന്നു സ്‌നേഹിച്ചിരുന്നത്. എന്നാല്‍ ഒരു സ്ത്രീക്ക് സഹിക്കാന്‍ സാധിക്കാത്ത തരത്തിലുളള കാര്യങ്ങളാണ് ഷാരോണ്‍ ചെയ്തത്. കിടപ്പറയില്‍ നിന്ന് അടക്കം ഗ്രീഷ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഷാരോണ്‍ പകര്‍ത്തി. ഗ്രീഷ്മ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച ഘട്ടങ്ങളിലൊക്കെയും ഈ ദൃശ്യങ്ങള്‍ കാട്ടി ഷാരോണ്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.
ഗ്രീഷ്മ പലതവണയായി ആത്മഹത്യാപ്രവണത കാണിച്ചിട്ടുളളതാണ്. മാത്രമല്ല കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഗ്രീഷ്മയ്ക്ക് എതിരെയുളളത്. മാത്രമല്ല ക്രിമിനല്‍ പശ്ചാത്തലവും പ്രതിക്കില്ല. 24 വയസ്സ് മാത്രമേ പ്രായമുളളൂവെന്നും പഠനത്തില്‍ മിടുക്കിയാണ് എന്നും പഠനം തുടരണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. എംഎ സാഹിത്യം മികച്ച മാര്‍ക്കില്‍ പാസ്സായിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഒരു മകള്‍ മാത്രമാണുളളത്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കോടതി വിധിച്ചിരുന്നു. ഷാരോണ്‍ വധക്കേസില്‍ തിങ്കളാഴ്ച കോടതി ശിക്ഷ വിധിക്കും.
അതേസമയം പ്രതിക്ക് ചെകുത്താന്റെ സ്വഭാവം ആണെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഷാരോണിനെ പ്രണയം നടിച്ച് വിളിച്ച് വരുത്തി കൊലചെയ്തു എന്നത് സാഹചര്യത്തെളിവുകള്‍ പ്രകാരം കോടതിയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നാല് മാസം പ്ലാന്‍ ചെയ്ത് നടത്തിയ കൊലപാതകം ആണിത്.
ഷാരോണിനെ കൊണ്ട് താലി കെട്ടിച്ച ശേഷം പല സ്ഥലങ്ങളിലേക്ക് അവര്‍ ഒരുമിച്ച് പോയി ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. അത്തരത്തില്‍ വിശ്വാസം ആര്‍ജ്ജിച്ച ശേഷം എന്ത് കൊടുത്താലും കഴിക്കും എന്ന മാനസിക നിലയിലേക്ക് ആ ചെറുപ്പക്കാരനെ പരുവപ്പെടുത്തിയെടുത്ത ശേഷമാണ് കൊല നടത്തിയത്. അല്ലാതെ പെട്ടന്നുളള പ്രകോപനം അല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഷാരോണ്‍ രാജിനെ മാത്രമല്ല പരിശുദ്ധ പ്രണയം എന്നുളള ആശയത്തെ തന്നെ കൊലചെയ്തിരിക്കുകയാണ് എന്ന വാദവും കോടതിയില്‍ ഉന്നയിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.