KeralaNews

‘ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി’ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

തിരുവനന്തപുരം : ഇപി ജയരാജനെ എൽഡിഎഫ് കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കാരണമെന്ന് തുറന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കിയെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.   

ഇപിയെ മാറ്റിയതോ സ്വയം മാറിയതോ എന്ന കാര്യം പലരും പലരീതിയിൽ വ്യാഖ്യാനിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ തുറന്ന് പറച്ചിൽ. പ്രവര്‍ത്തന രംഗത്ത് പോരായ്മ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ഇപി ജയരാജനെ ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. 

മംഗലപുരം ഏര്യാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപി പാളയത്തിലെത്തിയ സംഭവത്തിൽ കടുത്ത ഭാഷയിലുള്ള വിമര്‍ശനവും പാര്‍ട്ടി സെക്രട്ടറിയിൽ നിന്ന് ഉണ്ടായി. തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നു. പുതിയ പാർട്ടി സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയും വിദേശ വസ്ത്രങ്ങളും വിലകൂടി സ്പ്രേയുമൊക്കെയായാണ്. ലോഡ്ജ് നടത്തിപ്പ് ക്രമക്കേട് അടക്കം പലവിധ പരാതികൾ എത്തിയിട്ടും പരിഹരിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. 

എംഎൽഎമാരായ ജി സ്റ്റീഫൻ, ഒഎസ് അംബിക, വികെ പ്രശാന്ത് എന്നിവരും മേയര്‍ ആര്യാ രാജേന്ദ്രനും അടക്കം എട്ട് പേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. സമ്മേളനത്തിലൂടെ നീളം വലിയ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും ജില്ലാ കമ്മിറ്റി പ്രവേശനം ആര്യക്ക് നേട്ടമായി.  ആനാവൂർ നാഗപ്പനും എഎ റഹീമും എഎ റിഷീദും അടക്കം എട്ട് പേര്‍ ഒഴിവാകുകയും ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker