Featuredhome bannerHome-bannerKeralaNews

നിരന്തരം വിമര്‍ശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല’; പിണറായി സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രശംസ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു.

കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി. ലൈഫ് പദ്ധതിയേയും ​ഗവർണർ പുകഴ്ത്തി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്‍റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യ മേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആർദ്രം മിഷൻ കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോ​ഗതി വ്യക്തമാണ്.

കേരളത്തിന്‍റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രകീര്‍ത്തിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയാണെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button