KeralaNews

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും വാക്‌സിന്‍ സ്വീകരിക്കാത്തത്. എന്നാല്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത എല്ലാ അധ്യാപകരെയും പരിശോധനയ്ക്ക് വിധേയരാക്കും.

ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ഏകദേശം അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇവരില്‍ കുറച്ചുപേര്‍ക്ക് മാത്രമേ ആരോഗ്യപ്രശ്‌നങ്ങളുള്ളുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം.

അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ചര്‍ച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോഗം വിശദമായി പരിശോധിക്കും.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുബൈയില്‍ എത്തിയ ആളുടെ പരിശോധനാഫലവും,ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണാടകയില്‍ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനും 7ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

അതിവേഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗ വ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button