FeaturedKeralaNews

വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.

ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചു. വിദേശത്തുനിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ നടപടിയെടുക്കണം. അതിൽ വിട്ടുവീഴ്ചയുണ്ടാകരുത്.

രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണം. ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശംനൽകി. ഇതിന് അനുസൃതമായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. സ്കൂൾ പ്രവൃത്തി സമയത്തിൽ തൽക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker