തിരുവനന്തപുരം: സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിനായി ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികൾ രൂപീകരിച്ചാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം പ്രവർത്തിക്കുന്നത്.
പരാതി പരിഹാര പോർട്ടലിന്റെ ഉദ്‌ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തും.
10 കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും.
സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്‌ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ടാകും.
പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം ഉണ്ടാവുക.
സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കുമെന്നും സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ആർ അശോക്, ഫിക്കി കേരള പ്രസിഡന്റ് എം.ഐ. സഹദുള്ള, കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് നിസാറുദ്ദീൻ, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു.