KeralaNews

കേന്ദ്ര അവഗണനക്കെതിരെ ഡൽഹി സമരത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി, ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ദില്ലിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്.

എന്നാൽ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും പറഞ്ഞു. ദില്ലിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തിൽ നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കേന്ദ്ര അവഗണനക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ഇന്ന് ചർച്ചക്ക് വിളിച്ചത്. ദില്ലിയിൽ പാർലമെൻറിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്.

ഭരണ-പ്രതിപക്ഷ സമരം കൂടുതൽ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ പറഞ്ഞു. എന്നാൽ മുന്നണിയിൽ ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വീകരിച്ചത്. സർക്കാറുമായി വലിയ രാഷ്ട്രീയ ഏറ്റുമുട്ടൽ നടക്കുമ്പോൾ കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫ് കൈകൊടുക്കാൻ സാധ്യത കുറവാണ്.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുള്ള ഒരേയൊരു കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി കുറച്ചതുമെല്ലാം അവഗണനയുടെ തെളിവായി സർക്കാർ ഉന്നയിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിലപാട് തെറ്റാണെങ്കിലും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തം ഉണ്ടെന്ന് വിഡി സതീശൻ തന്റെ മറുപടിയിൽ പറഞ്ഞു.

പ്രതിസന്ധി കാലത്ത് സർക്കാരിന്റെ മുൻഗണന മാറി, ധൂർത്ത് വ്യാപകമാണ്, വൻകിടക്കാരിൽ നിന്ന് നികുതി കുടിശിക പിരിക്കാത്തതും കാരണമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരെ സൂപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നീക്കത്തിന് സർക്കാർ പ്രതിപക്ഷത്തിൻറെ സഹകരണം സംസ്ഥാന സർക്കാർ തേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker