KeralaNews

ചീഫ് വിപ്പിന് 17 പേഴ്‌സണല്‍ സ്റ്റാഫിനെകൂടി അനുവദിച്ച് സര്‍ക്കാര്‍; വര്‍ഷം ശമ്പളമായി നല്‍കേണ്ടത് മൂന്നു കോടി രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ കാഞ്ഞിരപ്പിള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജയരാജിന്റെ ജീവനക്കാരുടെ എണ്ണം 25 ആയി. നേരത്തെ കാബിനറ്റ് മിനിസ്റ്ററുടെ റാങ്കും എട്ട് പേഴ്‌സണല്‍ സ്റ്റാഫിനേയും ചീഫ് വിപ്പ് ചുമതലയേറ്റപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.

31,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ ജീവനക്കാര്‍ക്കായി മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു വര്‍ഷം മൂന്നു കോടിയാണ് ചെലവഴിക്കുന്നത്. ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ചയാണ് 17 പേരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതില്‍ 14 പേര്‍ക്ക് നേരിട്ടാണ് നിയമനം.

പ്രൈവറ്റ് സെക്രട്ടറിയായി ഡോ. റെല്‍ഫി പോള്‍, മൂന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, രണ്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. രണ്ട് അസിസ്റ്റന്റ്, അഞ്ച് ക്ലര്‍ക്കുമാര്‍, നാല് ഓഫിസ് അറ്റന്‍ഡന്റ്‌സ് എന്നിവരെയാണ് നിയമിച്ചത്. കേരള കോണ്‍ഗ്രസിന്റെ നോമിനീസാണ് നിയമനം ലഭിച്ച ഭൂരിഭാഗം പേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ സിപിഎമ്മിന്റേയും നോമിനിമാരാണ്. പേഴ്‌സണല്‍ സെക്രട്ടറിക്കും അഡിഷണല്‍ പേഴ്‌സല്‍ സെക്രട്ടറിക്കും 1,07,800 മുതല്‍ 1,60,000 സ്‌കെയ്‌ലിലാണ് ശമ്പളം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഇവരെല്ലാം പെന്‍ഷനും അര്‍ഹരാകും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജിന് 30 പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചതിനെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു. നിയമസഭാ സമ്മേളനസമയത്ത് നിര്‍ണായകവോട്ടെടുപ്പുകളില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button