ടി.പി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ; മൂന്നുപേർ 1000 ദിവസത്തിലധികം പുറത്ത്, കൊടി സുനിക്ക് 60 ദിവസം
![](https://breakingkerala.com/wp-content/uploads/2025/02/ddde33-780x470.jpg)
തിരുവനന്തപുരം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേസിലെ മൂന്നുപ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചു. ആറുപ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു. അതേസമയം, കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോള്‍ അനുവദിച്ചത്.
എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലെ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.