ആരാണ് ഈ പ്രിയ?ഗോപി സുന്ദറിന്റെ മറുപടി, ആരെങ്കിലും നിങ്ങളുടെ മുന്നില്‍ വന്ന് കരഞ്ഞോയെന്ന് മറുചോദ്യം
കൊച്ചി:സിനിമ സംഗീത മേഖലയില്‍ തെന്നിന്ത്യയിക്കുള്ള മലയാളത്തിന്റെ സമ്മാനമാണ് ഗോപി സുന്ദർ. വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകളാണ് ഗോപി സുന്ദറിന് സ്വന്തമായിട്ടുള്ളത്. ഹിറ്റുകളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കരിയറിലും വ്യക്തി ജീവിതത്തിലും നിരവധി വിവാദങ്ങളിലും അകപ്പെടുന്ന താരം കൂടിയാണ് ഗോപി സുന്ദർ.
ഗായിക അമൃത സുരേഷുമായി വേർപിരഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയത്തിലായെന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഈ ചർച്ചകള്‍ക്ക് ബലം നല്‍കുന്ന ചില ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ നായർ എന്ന വ്യക്തി രംഗത്ത് എത്തിയതോടെയാണ് ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുന്നത്.
പ്രിയ നായർ തന്നെയാണ് ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകള്‍ വേറൊരു തരത്തിലേക്ക് എത്തിയതോടെയോ മറ്റോ പുതിയൊരു പോസ്റ്റുമായി ഗോപി സുന്ദറും മുന്നോട്ട് വന്നിട്ടുണ്ട്. “ഇത് എന്റെ ജീവിതമാണ്” എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പം “വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്….” എന്ന പാട്ടും ഗോപിസുന്ദർ ചേർത്തിട്ടുണ്ട്. അതോടൊപ്പം തന്നെ തന്റെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഗോപി സുന്ദർ മറുപടി നല്‍കുന്നുമുണ്ട്. ‘എത്ര സ്ത്രീകളുടെ കണ്ണിരാണ്, എനിക്ക് ഒത്തിരി ബഹുമാനമുള്ള സംഗീതജ്ഞന്‍’ എന്നായിരുന്ന അഖില എന്ന വ്യക്തിയുടെ കമന്റ്. ‘ആരെങ്കിലും വന്ന് അഖിലയുടെ മുന്നില്‍ വന്ന് കരഞ്ഞോ? ആരുടെ കണ്ണീരാണ് അഖില കണ്ടത്’ എന്നായിരുന്നു ഇതിനുള്ള ഗോപി സുന്ദറിന്റെ മറുപടി.
അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു അമൃതയുമായുള്ള ജീവിതത്തിലേക്ക് ഗോപി സുന്ദർ കടന്നത്. അമൃതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ അതിര് വിട്ടപ്പോള്‍ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്ന ഗോപി സുന്ദറിന്റെ മറുപടി.
2022ലായിരുന്നു ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരം പങ്കുവെച്ചത്. പിന്നീട് നിരവധി പരിപാടികളില്‍ ഇരുവരും സജീവമായിരുന്നു.
ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ സജീവമായത്. ഇതോടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഗോപിസുന്ദർ പങ്കുവെക്കുകയും ആ ചർച്ച അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാം ശേഷമാണ് പ്രിയയുമായുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്.