കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,600 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4575 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. കോവിഡ് തീവ്രമാവുന്ന പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണിയില്‍ ഉണ്ടായ തളര്‍ച്ചയാണ് സ്വര്‍ണത്തെ സ്വാധീനിച്ചത്. ഓഹരി വിപിണി ഏതാനും ദിവസമായി തകര്‍ച്ചയിലാണ്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അടുത്ത ദിവസങ്ങളിലായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയായിരുന്നു. ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു അന്നത്തെ വില. ആഗോള വിപണിയില്‍ യുഎസ് ഡോളറിന്റെ വില കുതിച്ചുയരുന്നതോടെ സ്വര്‍ണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഈ ട്രെന്റ് തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിച്ച് വരികയാണ്. 2007 ല്‍ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വര്‍ണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വര്‍ണവിലയുടെ ഈ വളര്‍ച്ച തന്നെയാണ് ഇത്തരത്തില്‍ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്. അതേസമയം, വില ഇടിവ് താല്‍ക്കാലികമാണെന്നും 2022ല്‍ സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,100 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.