KeralaNews

ലീഗിൻ്റെ മൗനം കോൺഗ്രസിനെ കാവിയോടടുപ്പിക്കുന്നു, റാൻ മൂളുന്നവരായി ലീഗ് നേതൃത്വം മാറി: കെ ടി ജലീൽ

മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺ​ഗ്രസിനെ നിശിതമായി വിമർശിച്ച് സമസ്ത രം​ഗത്തെത്തിയതിനോട് പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ. കോൺ​ഗ്രസിനെയും മുസ്ലിം ലീ​ഗിനെയും നിശിതമായി വിമർശിച്ച് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജലീൽ കുറ്റപ്പെടുത്തി. കോൺഗ്രസ് എന്ത് ചെയ്താലും അതിന് റാൻ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ ഗ്യാൻവാപി മസ്ജിദും മധുരയിലെ ഈദ്ഗാഹ് മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകുമെന്നും ജലീൽ ആരോപിച്ചു.

കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം കോൺഗ്രസിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യെച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തും? കോൺഗ്രസ്സിൻ്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധർമ്മമാണ് “സുപ്രഭാതം”ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമർശനം കോൺഗ്രസ്സിൻ്റെ കണ്ണ് തുറപ്പിക്കുമെങ്കിൽ രാജ്യവും കോൺഗ്രസ്സും രക്ഷപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം രംഗത്തെത്തിയിരുന്നു. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!’ എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം. ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് സുപ്രഭാതത്തിന്‍റെ എഡിറ്റോറിയല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ പോസ്റ്റ്. ‘ചന്ദ്രിക’ പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം ‘സുപ്രഭാതം’ നിർവ്വഹിച്ചുവെന്നാണ് ജലീൽ കുറിച്ചത്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“സുപ്രഭാതം” പരത്തിയ വെളിച്ചത്തിൻ്റെ തെളിച്ചം!

”ചന്ദ്രിക” പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം “സുപ്രഭാതം” നിർവ്വഹിച്ചു. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസ് മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുമ്പോൾ ”അരുത്” എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബും പോക്കർ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു. ഇന്നവരില്ല.

കോൺഗ്രസ്സ് എന്ത് ചെയ്താലും അതിന് “റാൻ” മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ “ഗ്യാൻവാപി”മസ്ജിദും മധുരയിലെ “ഈദ്ഗാഹ്”മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബി.ജെ.പി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകും. അവരുമൊത്ത് “കേക്ക്”മുറിച്ചും അവർക്ക് നാരങ്ങാവെള്ളം കൊടുത്തും “ആക്കാംപോക്കാം”കളി തുടരും.

ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാൻ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിൻ്റെ പ്രാർത്ഥന. കാലക്കേടിനെങ്ങാനും അതു സംഭവിച്ചാൽ ലീഗ് നേതാക്കൾ “സമുദായസൗഹാർദ്ദ”ത്തിൻ്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പ്. അയോധ്യയിലേക്ക് പറക്കാൻ ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും അവിടെ താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങളും സഞ്ചരിക്കാൻ ഒരു “റോൾസറോയ്സ്” കാറും ക്ഷേത്രക്കമ്മിറ്റി ഒരുക്കണമെന്ന് മാത്രം.

ഹൃദയം പൊട്ടി പരിതപിക്കുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ “സുപ്രഭാത”മെങ്കിലും സമുദായത്തിനകത്ത് ഉണ്ടെന്നത് നൽകുന്ന ആശ്വാസം ചെറുതല്ല. സിതാറാം യെച്ചൂരിയും ഡി രാജയും കാണിച്ച ചങ്കുറപ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കോൺഗ്രസ്, എങ്ങിനെയാണ് ബി.ജെ.പിക്ക് ബദലാവുക?

കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം കോൺഗ്രസ്സിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തും?

കോൺഗ്രസ്സിൻ്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധർമ്മമാണ് “സുപ്രഭാതം”ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമർശനം കോൺഗ്രസ്സിൻ്റെ കണ്ണ് തുറപ്പിക്കുമെങ്കിൽ രാജ്യവും കോൺഗ്രസ്സും രക്ഷപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker