NationalNews

ഒരു വർഷം കുഴിച്ചെടുക്കുക 750 കിലോ സ്വർണ്ണം, ആന്ധ്രയിൽ വമ്പൻ ഖനനത്തിന് ഒരുങ്ങി സ്വകാര്യ കമ്പനി

ഹെെദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നഗിരി പ്രദേശത്താണ് സ്വകാര്യ പ്ലാന്‍റ് സ്വർണ്ണ ഖനനത്തിനും സംസ്കരണത്തിനും ഒരുങ്ങുന്നത്. ഫെബ്രുവരി 18 -ന് സംസ്ഥാന സർക്കാർ പൊതു ഹിയറിംഗ് നടത്തി അന്തിമ പാരിസ്ഥിതിക അനുമതി നൽകുന്നതോടെ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കും.

ഏകദേശം രണ്ട് വർഷം മുമ്പാണ് ജിയോമൈസോറും  ഡെക്കാൻ ഗോൾഡ്‌ മൈൻസ് ലിമിറ്റഡും ചേർന്ന് സ്വർണ്ണ ഖനിയുടെ പ്രാരംഭ പദ്ധതികൾ ആരംഭിച്ചത്. പബ്ലിക് ഹിയറിംഗിന് ശേഷം അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇവിടെ നിന്നും സ്വർണ്ണം ഉൽപ്പാദിപ്പിക്കാൻ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.  പ്രദേശത്ത് നിന്ന് പ്രതിവർഷം 750 കിലോഗ്രാം സ്വർണമെങ്കിലും ഉൽപ്പാദിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 1994 -ലാണ് കുർണൂൽ ജില്ലയിൽ ആദ്യമായി സ്വർണശേഖരം കണ്ടെത്തിയത്. തുടർന്ന് പര്യവേക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ, പ്രാഥമിക പഠനം പൂർത്തിയാക്കാൻ പോലും വൻതോതിൽ നിക്ഷേപം ആവശ്യമായി വന്നതിനാൽ ഒരു കമ്പനിയും മുന്നോട്ട് വന്നില്ല.  2005 -ൽ ഓപ്പൺ ലൈസൻസിംഗ് നയത്തിലൂടെ സർക്കാർ വീണ്ടും സ്വകാര്യ കമ്പനികളെ തേടി.

ബംഗളൂരു ആസ്ഥാനമായുള്ള ജിയോ ഫിസിസ്റ്റ് ഡോ. മൊദാലി ഹനുമ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ജിയോമൈസോർ സർവീസസ് ലിമിറ്റഡ് 2013 -ൽ  സ്വർണം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക ലൈസൻസ് നേടി. എന്നാൽ, പിന്നീട് പത്ത് വർഷക്കാലത്തോളം വേണ്ടിവന്നു കമ്പനിക്ക് പൈലറ്റ് പ്രോജക്ട് നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ അനുമതിയും ലഭിക്കാൻ.

ഇതിനിടയിൽ, ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് (ഡിജിഎംഎൽ) ജിയോമൈസോറിന്‍റെ 40 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു.  സ്ഥാപനം ഏകദേശം 1,500 ഏക്കർ പാട്ടത്തിനെടുക്കുകയും തുഗ്ഗലി, മദ്ദിക്കേര മണ്ഡലങ്ങളിൽ നിന്ന് ഏകദേശം 750 ഏക്കർ വാങ്ങുകയും 2021 -ൽ ട്രയൽസ് ആരംഭിക്കുകയും ചെയ്തു. കൂടാതെ ഡിജിഎംഎൽ ഒരു ചെറിയ പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിക്കുകയും പൈലറ്റ് പ്രോജക്റ്റിനായി പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 

ഏകദേശം രണ്ട് വർഷം മുമ്പ് പ്ലാന്‍റിൽ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ച ജിയോമൈസോറും ഡെക്കാൻ ഗോൾഡ്‌ മൈൻസ് ലിമിറ്റഡും ഒടുവിൽ പ്ലാന്‍റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ സ്വർണ്ണം ഉല്പാദിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.  2024 ഡിസംബറോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇവർ ആഗ്രഹിച്ചിരുന്നുവെങ്കിലും, ലാബ് റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയതിനാൽ വീണ്ടും കാലതാമസം നേരിട്ടു.

കമ്പനി ഏകദേശം 25 വർഷത്തേക്ക് ഖനന പ്രവർത്തനങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ ഇന്ത്യയിലെ കർണ്ണാടക, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വർണ്ണ ഖനനം നടക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker