KeralaNews

ബ്ലാസ്റ്റേഴ്സിനെ തകർത്തു,ഡ്യൂറൻഡ് കേരള ഡർബിയിൽ ഗോകുലത്തിന് ജയം

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ​ഗോകുലത്തിന്റെ ജയം. ആക്രമണത്തിലും പന്തടക്കത്തിലും ഷോട്ടുകളിലും ബ്ലാഴ്സ്റ്റേഴ്സ് ആയിരുന്നു മുന്നിൽ. പക്ഷേ ​​​ഗോൾ നേട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കാൻ ​ഗോകുലത്തിന് കഴിഞ്ഞു. തുടർച്ചയായ രണ്ടാം വിജയത്തോടെ ​ഗോകുലം ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.

മത്സരത്തിന്റെ തുടക്കം മുതൽ പന്ത് നിയന്ത്രിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രത്യേകം ശ്രമിച്ചിരുന്നു. പക്ഷേ ആദ്യ ​ഗോൾ അടിച്ചത് ​ഗോകുലമായിരുന്നു. 17-ാം മിനിറ്റിൽ നിലി പെർഡോമയുടെ കോർണർ തകർപ്പൻ ഹെഡ്ഡറിലൂടെ അമിനൗ ബൗബ വലയിലാക്കി. പിന്നാലെ ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ 35-ാം മിനിറ്റിൽ ഫലം കണ്ടു.

ജസ്റ്റിൻ ഇമ്മാനുവേലിന്റെ ബൂട്ടിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ സമനില ​ഗോൾ. പിന്നീട് കണ്ടത് ​ഗോകുലത്തിന്റെ തേരോട്ടം. 43-ാം മിനിറ്റിൽ വിഎസ് ശ്രീക്കുട്ടന്റെ ഹെഡ്ഡറിൽ ​ഗോകുലം ലീഡെടുത്തു. സ്കോർ 2-1. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും ​ഗോൾ. 46-ാം മിനിറ്റിൽ അഭിജിത്തിന്റെ ബുള്ളറ്റ് ഷോട്ട് വലചലിപ്പിച്ചു. സ്കോർ 3-1. ആദ്യ പകുതിയിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന് പക്ഷെ ​ഗോൾ മാത്രം കണ്ടെത്താനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ​ഗോകുലത്തിന്റെ മുന്നേറ്റം. 47-ാം മിനിറ്റിൽ അഭിജിത്തിൻ്റെ രണ്ടാം ​ഗോൾ. ​ഗോകുലത്തിന്റെ നാലാം ​ഗോൾ. ​ ഗോകുലം മൂന്ന് ഗോൾ ലീഡെഡുത്തപ്പോഴും തളരാതെ പോരാടിയ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു.

54-ാം മിനിറ്റിൽ പ്രബീർ ദാസിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ​ഗോൾ മടക്കി. തുടർച്ചയായി ​ഗോകുലത്തിന്റെ വലയിലേക്ക് ബ്ലാസ്റ്റേഴ്സ് മുൻനിര ഇരച്ചെത്തി. 77-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ മൂന്നാം ​ഗോൾ. എന്നാൽ അവശേഷിച്ച 13 മിനിറ്റിൽ ​ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ബ്ലാസ്റ്റേഴ്സിന് മത്സരം കൈവിട്ടു പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker