തിരുവനന്തപുരം : കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഏടായി മാറുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തതതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ആണ് കമ്മീഷന്‍ ചെയ്തതെന്നും കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സിന് (എംസിഎഫ്) ഇന്ന് മുതല്‍ പ്രകൃതി വാതകം നല്‍കി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും എംആര്‍പിഎല്‍, ഒഎംപിഐ എന്നീ കമ്പനികള്‍ക്ക് പ്രകൃതി വാതകം നല്‍കുന്നതിനുള്ള പണികള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണെന്നും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (സിഡിജി ) പൈപ് ലൈന്‍ വിന്യാസം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.