കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക് മർദനമേറ്റില്ല.
നാട്ടുകാരും വീട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് അബ്ദുൾ ഗഫൂറിൻ്റെ വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ മുറിക്കകത്ത് നിലവിൽ തെളിവെടുപ്പ് നടന്നുവരികയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചിരിക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് സാധാരണ മരണമെന്ന് എഴുതിത്തള്ളിയ വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നത്.
മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മന്ത്രവാദിനിയും ഭർത്താവും ഉൾപ്പെടെ നാല് പേരാണ് പൊലീസ് പിടിയിലായത്. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് 596 പവൻ സ്വർണ്ണം തട്ടിയെടുത്തു. ഇത് തിരിച്ച് നൽകാതിരിക്കാനായിരുന്നു കൊലപാതകം.
കാസർകോട് സ്വദേശി അബ്ദുൾ ഗഫൂറിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെയാണ്. സ്വാഭാവിക മരണത്തിയിരുന്നു ആദ്യം കേസ് എടുത്തത്. സ്വർണ്ണത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. രണ്ട് വർഷം മുൻപ് 2023 ഏപ്രിൽ 14 നാണ് ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂർ പൂച്ചക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വർണ്ണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വച്ച് സംഘം മന്ത്രവാദം നടത്തി. ഭാര്യയേയും മക്കളെയും ബന്ധുവീടുകളിലേക്ക് പറഞ്ഞ് വിട്ടായിരുന്നു മന്ത്രവാദം. സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്നുൾപ്പെടെ സമാഹരിച്ച സ്വർണ്ണമായിരുന്നു, ഏകദേശം നാല് കിലോയിലേറെ വരുന്ന 596 പവൻ. മന്ത്രിവാദത്തിന് തൊട്ടടുത്ത ദിവസം ഗഫൂർ കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലായിരുന്നു.
അതിനാൽ ബന്ധുക്കൾക്ക് സംശയം തോന്നിയില്ല. എന്നാൽ സ്വർണ്ണം നൽകിയ ബന്ധുക്കളുൾപ്പെടെ ഇതന്വേഷിച്ച് വന്നതോടെ സംശയം തോന്നുകയായിരുന്നു. തുടർന്ന് മകൻ നൽകിയ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് തലക്ക് പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.
ബേക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസ് വഴിയിൽ നിന്നു. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ദുരൂഹത മാറ്റണമെന്നാവാശ്യപ്പെട്ടതോടെ പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു. ആഭിചാരക്രിയക്കിടെ സ്വർണ്ണം തട്ടിയെടുത്ത് തല ചുമരിലിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെഎച്ച് ഷമീന, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. ഗഫൂറിൽ നിന്ന് സംഘം 10 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും സംഘം കൈപ്പറ്റിയതിന്റെ രേഖളും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ ആയില്ല. പൊലീസിന് മേൽ ഉന്നതങ്ങളിൽ സമ്മർദ്ദമുണ്ടായതായി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. തട്ടിയെടുത്ത സ്വർണം അറസ്റ്റിലായ ആയിഷ മുഖേന വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.